HOW TO PREPARE 10 E FORM - (POINTS TO BE REMEMBERED WHILE CALCULATING 89(1) RELIEF

4 min read



 



10 E ഫോമിനെ പൂരിപ്പിക്കാം, വ്രതശുദ്ധിയോടെ !

 

10-E ഫോം തയ്യാറാക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന പഞ്ചശീല തത്ത്വങ്ങൾ നിർബന്ധമായും പാലിക്കുക.

 

1.  ഇതിനായി ഏതെങ്കിലും സോഫ്റ്റ് വെയർകൾ ഉപയോഗിക്കുമ്പോൾ തിരക്ക് കൂട്ടാതെ, അതിൽ പറയുന്ന നിർദ്ദേശങ്ങൾ വായിക്കുക  

2.  എത്ര പിൻ വർഷങ്ങളിലെ നികുതി കൂടിശികയാണോ നമുക്കുള്ളത്, അത്രയും കാലങ്ങളിലെ നികുതി statement നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഈ ഫോം ഉപയോഗിക്കുക, ഇല്ലാത്തവർ, തൊഴുത് മടങ്ങുക. വമ്പൻ തെറ്റുകളായിരിക്കും അല്ലാത്ത പക്ഷം സംഭവിക്കുക

3.  ഏതൊക്കെ പിൻ വർഷങ്ങളുമായി ബന്ധപ്പെട്ട കൂടിശികയാണോ നമുക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്, ആ പിൻ കാലങ്ങളിലൊക്കെ നാം വരുമാന വകുപ്പിന് സമർപ്പിക്കേണ്ട Return filing പ്രക്രിയ നടത്തിയിട്ടുണ്ടെങ്കിൽ മാത്രം 10-E ഫോം തയ്യാറാക്കി ആനുകൂല്യം നേടുക (പിൻകാലങ്ങളിൽ വരുമാനമില്ലാത്തവർക്ക് ഇത് ബാധകമല്ല, അതേസമയം “എനിക്കു നികുതി അടക്കാനുണ്ടായിരുന്നില്ല എന്നതിനാൽ ഞാൻ return ഫയൽ ചെയ്തില്ല” എന്ന വാദം പൊറുക്കാവുന്നതല്ല എന്നു ഓർക്കുക)

4.  10-E ഫോം തയ്യാറാക്കുമ്പോൾ  വ്രതശുദ്ധിയോടെ കൈകാര്യം ചെയ്യുക. സൂക്ഷ്മത നിർബന്ധം. ഒരിക്കലും കുടിശികയിൽ ചിലവ മാത്രം പിൻവർഷങ്ങളിലേക്ക് മാറ്റി, ചിലതിനെ ഒഴിവാക്കിക്കൊണ്ടുള്ള ‘മെഴുക്കുവരട്ടി’ നയം പിൻ തുടരാതിരിക്കുക. ഈ രീതികൊണ്ടു നികുതി ലാഭം കണ്ടേക്കാം. എന്നാൽ അടിസ്ഥാനപരമായി ഒരു ന്യായവുമില്ലാത്ത വമ്പൻ നികുതി വെട്ടിക്കലാണ് ഇത്

5.  ഭാവിയിൽ income return ഫയൽ ചെയ്യുമ്പോൾ സാധാരണ പ്രവർത്തനങ്ങൾക്ക് മുമ്പേ 10-E return filing എന്ന ഒരു പ്രവർത്തനവും പൂർത്തീകരിക്കാനുണ്ടെന്ന് മറക്കാതിരിക്കുക

 

മേൽ സൂചിപ്പിച്ച തത്ത്വങ്ങളിൽ നാലാമത് സൂചിപ്പിച്ച നിർദ്ദേശം അൽപ്പം വിവാദ സാദ്ധ്യതയുള്ളതാണെന്നത്കൊണ്ടുതന്നെ കൂടുതൽ വിശദീകരിക്കാം

CLICK HERE TO DOWNLOAD PDF OF THIS NOTES

 

എന്താണ് കുടിശിക ?

നടപ്പ് വർഷത്തിലേതല്ലാതെ, പിൻ വർഷവുമായി ബന്ധപ്പെട്ട ഒരു വരുമാനം, അത് കാരണമേതോ ആകട്ടെ, ഒരുവന് വൈകി, ലഭിച്ചാൽ അതിനെ കൂടിശികയെന്ന് വരുമാനനികുതി നിർവ്വചനപ്രകാരം വിശേഷിപ്പിക്കാം

 

എന്താണ് 89(1) റിലീഫ്

ഒരു സർക്കാർ ജീവനക്കാരന് ഇത്തവണ ചുവടെ സൂചിപ്പിച്ച കുടിശികകൾക്ക് സാദ്ധ്യതയുണ്ട്

1.  DA കുടിശിക (2018-19 സാമ്പത്തീക വർഷം മുതൽ 2020-21 വർഷം വരെ ബാധകമായിട്ടുള്ളത്, PF ൽ കുടിയിരുത്തിയത് )

2.  Deferred Salary (2020-21 സാമ്പത്തീക വർഷവുമായി ബന്ധപ്പെട്ടത്, പണമായി ഈ വർഷം എണ്ണി വാങ്ങിയത്)

 

ഇതിന് പുറമെ പലർക്കും Pay revision arrear, Salary arrear എന്നിവയും കണ്ടേക്കാം. ആയതിനാൽ തന്നെ കനത്ത ‘വരുമാനഭാരം’ മൂലം ഇത്തവണ  നികുതി ഗണിച്ചെടുക്കുന്ന ഒരു വിദ്വാൻ സ്വാഭാവികമായും വാ പൊളിച്ചു നിൽക്കും. ഈ രീതിയിൽ, പിൻ കാലങ്ങളുമായി ബന്ധപ്പെട്ട ഒരു വരുമാനം ഒരു സാംബത്തീക വർഷത്തിൽ ഒന്നിച്ചു ലഭിക്കുന്നതോടെ, ചില വര്‍ഷങ്ങളില്‍ കനത്ത ശമ്പളവരുമാനം വരികയും അതിനാല്‍ ആ വര്‍ഷത്തില്‍ കനത്ത നികുതി നല്‍കേണ്ട ഗതികേടിലാകുകയും ചെയ്യുന്നു, ഒരു ‘പാവം ജീവനക്കാരൻ’ ! പലപ്പോഴും സ്ഥിരമായി 5% ലോ 10% ലോ നികുതി അടച്ചു പോന്നിരുന്ന ഒരാള്‍ ഇങ്ങനെ കുടിശ്ശിക ലഭിക്കുന്ന വര്‍ഷങ്ങളില്‍ 20% -30% നിരക്കിലുള്ള സ്ലാബിലേക്ക്  വാഴ്ത്തപ്പെട്ട്പകച്ചുനില്‍ക്കുന്ന അവസ്ഥ ഈ വർഷം സർവ്വസാധാരണമായി കാണാം

 

വരുമാനം വൈകിക്കിട്ടിയത് നമ്മുടെ ഉത്തരവാദിത്തമല്ലല്ലോ, പിന്നെ നാമെന്തിന് ഭാരം ചുമക്കണം എന്നുറച്ച്, ഇത് ഒരു ‘മനുഷ്യാവകാശ വിഷയമായി’ കണ്ടാല്‍ ഇവിടെ മറ്റൊരു യുക്തിബോധം ഉടലെടുക്കും. മേല്‍പ്പറഞ്ഞ പിന്‍കാല വരുമാനങ്ങള്‍ തരാന്‍ വൈകി, നടപ്പ് വര്‍ഷത്തില്‍ ലഭിച്ചതിനാലാണല്ലോ, ഇപ്പോള്‍ നികുതിക്കൂടുതല്‍ വന്നത്, അത്, അതതു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ ? എങ്കില്‍ നടപ്പ് വർഷം   അധിക വരുമാനപ്രശ്നം ഉണ്ടാകുന്നില്ല, നടപ്പ് വര്‍ഷവുമായി ബന്ധപ്പെട്ട നികുതി മാത്രമേ ഇപ്പോള്‍ നല്‍കേണ്ടി വരികയുള്ളൂ. പക്ഷെ ഇവിടെ മറ്റൊരു ക്രമപ്രശ്നം ഉണ്ടാകുന്നില്ലേ? പിന്‍ കാലങ്ങളിലേതുമായി ബന്ധപ്പെട്ട വരുമാനം നടപ്പ് വര്‍ഷത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണല്ലോ നമ്മള്‍ നികുതി കണ്ടത്, അപ്പോള്‍ പിന്‍കാലങ്ങളിലേതുമായി ബന്ധപ്പെട്ട വരുമാനം അതതു പിന്‍ വര്‍ഷങ്ങളിലേക്ക് ചേര്‍ക്കേണ്ടേ? അങ്ങനെ ചേര്‍ക്കുമ്പോള്‍ പിന്‍വര്‍ഷങ്ങളിലെ വരുമാനം ഉയരുകയും അങ്ങനെ ഉയര്‍ത്തപ്പെട്ട വരുമാനത്തിനനുസരിച്ചു നമ്മള്‍ അന്ന് നികുതി അടച്ചിട്ടില്ലാത്തതുകൊണ്ട്, ആ നികുതി, ഇന്ന്, അന്നത്തെ നിരക്കില്‍ അടക്കാൻ നാം ബാധ്യസ്ഥനാകുകയില്ലേ ?

 

ഒരു  പിന്‍ സാമ്പത്തീക വര്‍ഷവുമായി  ബന്ധപ്പെട്ട വരുമാനം (അത് ഏതു പേരിലുള്ളതുമാകട്ടെ) മറ്റൊരു ഭാവി വര്‍ഷത്തില്‍ ലഭിക്കുന്നു അല്ലെങ്കിൽ, PF ലേക്ക് നിക്ഷേപിക്കുന്ന സാഹചര്യത്തില്‍, ആ വരുമാനം  അതാത് കാലങ്ങളില്‍ ലഭിച്ചിരുന്നാല്‍ ഒടുക്കേണ്ടിവരുമായിരുന്ന നികുതിയും,  അതിനു പകരം അത് വൈകി ലഭിച്ചതിനാല്‍ ഇപ്പോള്‍ ഒന്നിച്ചു ഒടുക്കേണ്ടിവരുന്ന നികുതിയും താരതമ്യം ചെയ്തു, ജീവനക്കാരന് ഇപ്പോള്‍ ആപേക്ഷികമായി കൂടുതലായി നല്‍കേണ്ടി വരുന്നൂ എങ്കിൽ,  അത്തരം അധിക കനത്ത നികുതിയില്‍നിന്നും ഡിസ്കൌണ്ട് അനുവദിക്കുന്ന നടപടിക്രമമാണ് 10 E ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വകുപ്പ് 89 (1) പ്രകാരമാണ് ഇവിടെ ഡിസ്കൌണ്ട് (ഇളവ്) അനുവദിക്കുന്നത്.

 

10-E ഫോം പൂരിപ്പിക്കുമ്പോൾ എന്തുകൊണ്ട് കുടിശികകൾ ഒന്നുപോലും വിടാതെ കിറു കൃത്യമായി പകുത്ത് നൽകണം ?

പലരും ഉന്നയിക്കുന്ന ഒരു വിഷയമാണ് ഇത്. ലഭിച്ചിരിക്കുന്ന കുടിശികയിൽ ചിലവ മാത്രം കുടിശികയായി കണ്ട്, ബന്ധപ്പെട്ട പിൻ വർഷങ്ങളിലേക്ക് മാറ്റുകയും, ചില കുടിശികകൾ മാറ്റാതിരിക്കുകയും ചെയ്താൽ നികുതിഭാരത്തിൽ  കാര്യമായ കുറവുണ്ടാകുന്നുണ്ട്. ഇതിൽ ശരികേടുണ്ടോ?

തീർച്ചയായും ഇത് തെറ്റുതന്നെ, കാരണം പറയാം

 

വരുമാന നികുതിയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടി. Accounting തത്വശാസ്ത്രപ്രകാരം, ഒരുവന്റെ ഒരു കാലഘട്ടത്തിലെ വരുമാനത്തെ ചുവടെ കാണുന്ന മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചുകൊണ്ടു തിട്ടപ്പെടുത്തണം:

 

1.  1 Actual concept (ഒരു സാമ്പത്തീക വർഷത്തിൽ ലഭിച്ച എല്ലാ വരുമാനവും അതതു വർഷത്തേതാണെന്ന് പരിഗണിക്കുന്ന രീതി. ഈ രീതി പ്രകാരം, പിൻ കാലങ്ങളിലെയോ വരാൻ പോകുന്ന കാലങ്ങളിലെയോ വരുമാനം, നടപ്പ് വർഷം കിട്ടിയാൽ ആ തുകകൾ, നടപ്പ് വർഷത്തെ വരുമാനത്തോടൊപ്പം ചേർത്ത് പരിഗണിക്കുന്നു, നികുതി അടക്കുന്നു  

2.  Accrual concept (നടപ്പ് വർഷവുമായി ബന്ധപ്പെട്ട വരുമാനം മാത്രം ആ വർഷത്തിലെ വരുമാനമായി പരിഗണിക്കുന്നു. പിൻ വർഷങ്ങളിലെയോ, ഭാവി വർഷങ്ങളിലെയോ വരുമാനം നടപ്പ് വർഷം ലഭിച്ചാൽ, അത് ഇപ്പോഴത്തെ വരുമാനമായി പരിഗണിക്കാതെ, മൊത്ത വരുമാനത്തിൽ നിന്നു ഒഴിവാക്കുന്നു. മാത്രവുമല്ല, ഇങ്ങനെ പടിയടച്ച് പിണ്ഡം വച്ച പിൻകാല വരുമാനത്തെ പഴയ തറവാട്ടിൽ (പഴയ വർഷത്തിൽ) ചേർത്ത്, അക്കാലത്തെ നികുതി, വൈകിയാണെങ്കിലും അടച്ചു പോരുന്നു 

ഈ രണ്ടു രീതികളിൽ പൊതുവേ രണ്ടാം രീതിയാണ് പല മേഖലകളിലും അവലംബിച്ചുപോകുന്നത്. 10-E ഫോമിലും നമ്മൾ ചെയ്തുപോരുന്നത് ഈ രീതിയാണ്.

 

അത് പ്രകാരം :

A. ഒന്നുകിൽ നമുക്ക് എല്ലാ കുടിശിക വരുമാനത്തെയും നടപ്പ് വർഷത്തെ വരുമാനത്തെയും കൂട്ടിച്ചേർത്ത്, ആ തുകകൾ ഈ കൊല്ലത്തേതാണെന്നു മനസുകൊണ്ട് ഉറപ്പിച്ച്, ‘മിണ്ടാതെ, ഉരിയാടാതെ’  നികുതിയടക്കാം. (10-E ഉപയോഗിക്കാതിരിക്കുന്ന രീതി) Actual concept

B.  കുടിശികയെ ഒഴിവാക്കി, ഈ വർഷത്തെ വരുമാനത്തിന് മാത്രം നികുതി അടയ്ക്കുന്ന രീതി. അതോടൊപ്പം പിൻ വർഷങ്ങളിലെ വരുമാനത്തിൽ, ഇപ്പോൾ കിട്ടിയ കുടിശിക തുകകൾ, കൃത്യമായി പകുത്ത് അത്കൂടി ഉൾപ്പെടുത്തി നോക്കുമ്പോൾ, അന്ന് നികുതി അടച്ചത് പോരാ എന്നു കണ്ടാൽ, ആ തുകകൂടി ഇക്കൊല്ലം അടക്കേണ്ടതുണ്ടെന്ന കാര്യം കൂടെ പരിഗണിച്ച് നികുതി ഒടുക്കുന്ന രീതി. ഈ പ്രവർത്തനമാണ് വാസ്തവത്തിൽ  ഒരു നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ ഫോം (10E) ഉപയോഗിച്ച്, നമ്മൾ ആചരിച്ചു പോരുന്നത് (Accrual concept)

 

മുകളിൽ പറഞ്ഞ A രീതിയും B രീതിയും അല്ലാതെ മൂന്നാമതൊരു രീതിയായ ‘മെഴുക്ക് വരട്ടി’ രീതിയാണ് നമ്മളിൽ പലരും നടത്താൻ ശ്രമിക്കുന്നതെന്നതാണ് രസകരം. അതായത്,

1. കിട്ടിയ കുടിശികയിലെ ചില കുടിശിക മാത്രം പിൻ വർഷങ്ങളിലേക്ക് എഴുന്നള്ളിച്ച് പ്രതിഷ്ഠ നടത്തുന്നു

2. ചില കുടിശികയെ പിൻ വർഷങ്ങളിലേക്ക് കൊണ്ടുപോയാൽ അത് എടങ്ങേറാകും എന്നു കണ്ട്, അതിനെ നടപ്പ് വർഷത്തെ വരുമാനമായി തന്നെ സ്വീകരിക്കാൻ തയ്യാറാകുന്നു  

ഇത്തരം ‘കോക്കാനുമല്ല, മരപ്പട്ടിയുമല്ല’ എന്ന വിശേഷണം ചാർത്താവുന്ന ‘മെഴുക്കുവരട്ടി’ രീതി അംഗീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന വസ്തുത അറിഞ്ഞു വയ്ക്കുക. അത് മാത്രമല്ല, 10-E ഫോം [Sec 89(1)] റിലീഫ്, വരുമാനനികുതി വകുപ്പ് നമുക്ക് നൽകുന്ന ഔദാര്യമോ നികുതി പൂത്തിവയ്ക്കാനുള്ള ഒളിത്താവളമോ അല്ല, മറിച്ച്, സംശുദ്ധിയുടെ  പ്രതീകമായ ഗണിത ശാസ്ത്രത്തിൽ ഊതിക്കാച്ചിയെടുത്ത്, യുക്തിഭദ്രതയോടെ അനുവദിച്ചു നൽകുന്ന അവകാശമാണ്. കുഴൽപ്പണ കടത്തുകാരൻ്റെ കൗശലത്തോടെ കൈകാര്യം ചെയ്യേണ്ട മേഖലയായി ഇതിനെ തരം താഴ്ത്താതിരിക്കാം.  10-E ഫോമിനെ വ്രതശുദ്ധിയോടെ തന്നെ കൈകാര്യം ചെയ്യാം 

To download Malayalam Menu based Income tax calculator with 10 E faciliy (For windows) : 

Income tax calculation Notes (Financial year 2021-22- AY-2022-23)

Arrear salary മൂലം പൊറുതി മുട്ടിയവർക്ക് 10 E ഫോം സമർപ്പിച്ചുകൊണ്ടു എങ്ങിനെ നികുതി ഇളവ് നേടാം 

EPF (Employee Provident Fund) നിക്ഷേപത്തിന്റെ നെഞ്ചത്ത് നികുത്തിപ്പൂട്ട് വീണുവോ ?

INCOME TAX RETURN FILING (FY 2020-21 -AY 2021-22)



V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

You may like these posts

  • CLICK HERE TO DOWNLOAD TAX CALCULATOR - ECTAX 2023 INCOME TAX CALCULATOR 2023 (FY 2022-23) [Updated 25-12-22] (Tax calculator for UGC Scale co…
  •  10 E ഫോമിനെ പൂരിപ്പിക്കാം, വ്രതശുദ്ധിയോടെ !   10-E ഫോം തയ്യാറാക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന പഞ്ചശീല തത്ത്വങ്ങൾ നിർബന്ധമായും പാലിക്കുക.   1.  ഇതിനായി ഏതെങ…
  • ഒന്നര ലക്ഷത്തിനു മേല്‍  നിക്ഷേപിച്ചുകൊണ്ടു, വരുമാനനികുതി ഇളവു നല്‍കുന്ന  പദ്ധതിയുണ്ടോ ?  താരതമ്യേന ആകര്‍ഷകമായ വേതനവ്യവസ്ഥകളും മത്സരിച്ചു ക്ഷാമബത്തയും നല്‍കി…
  •  പ്രോവിഡണ്ട് ഫണ്ടിന്  (EPF) നികുതിപ്പൂട്ടോ ? അടുത്തിടെ വല്ലാതെ പരിഭ്രാന്തിയുയർത്തിയ ഒരു വാർത്തയായിരുന്നു PF നു വരുമാന നികുതി ചുമത്തുന്നു എന്നത്. സാധാരണക്കാരന്റെ പ്രധാന ദ…
  • To download Anticipated income tax calculator for the financial year 2021-22 with 10 E facility- Please click the following link to download the software  …
  • 2024-25 സാമ്പത്തീക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ് സജ്ജമായി, നടപടികൾ ഇതിനകം ആരംഭിച്ചു  ശമ്പള വരുമാനം വാങ്ങുന്നവർ 2024 ജൂലായ്‌ 31 …

Post a Comment