PROVIDENT FUND AND NEW TAX LIABILITY

 







പ്രോവിഡണ്ട് ഫണ്ടിന്  (EPF) നികുതിപ്പൂട്ടോ ?

അടുത്തിടെ വല്ലാതെ പരിഭ്രാന്തിയുയർത്തിയ ഒരു വാർത്തയായിരുന്നു PF നു വരുമാന നികുതി ചുമത്തുന്നു എന്നത്. സാധാരണക്കാരന്റെ പ്രധാന ദീർഘകാല നിക്ഷേപ ഉപാധിയെന്ന നിലയിൽ വിശ്വാസം പിടിച്ചുപറ്റിയ EPF ൻ മേൽ ഒരു കടും കൈ ചെയ്യും എന്നു വിശ്വസിക്കാനാകാതെ പലരും അന്ധാളിച്ചു നിന്നു. കാള പെറ്റു എന്നു കേട്ട പാടെ EPF തുക ‘ഇരു ചെവിയറിയാതെ’ പിൻവലിച്ച വിദ്വാൻമാരെപ്പറ്റിയും പറഞ്ഞു കേൾക്കുന്നു! വാസ്തവം എന്താണെന്ന് സാധാരണക്കാരന്റെ ഭാഷയിൽ ചുരുക്കി വ്യക്തമാക്കാം.

1.  Provident Fund നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല

 

2.  ഒരു ജീവനക്കാരൻ/തൊഴിൽ ദാദാവ്  നടപ്പ് വർഷത്തിന് മുൻപ്, പിൻ കാലങ്ങളിൽ നടത്തിയ മൊത്തം  PF നിക്ഷേപത്തിന്റെ മുതലും പലിശയും അടക്കമുള്ള തുകക്കോ, അതിൽ നിന്നും ലഭിക്കുന്ന പലിശക്കോ  നികുതി ചുമത്തില്ല

3.  Provident Fund ഒരു സാമ്പത്തീക വര്ഷം നിക്ഷേപിക്കുന്ന തുകയുടെ അളവ് അനുവദനീയമായ പരിധിക്ക് മേലെ പോകുന്ന സന്ദർഭത്തിൽ മാത്രം, പരിധി വിട്ടു നടത്തുന്ന നിക്ഷേപത്തുകയുടെ    പലിശ മാത്രമാണ് നികുതിവിധേയമായ വരുമാനമായി കണക്കാക്കുക

 

4.  സാധാരണ സർക്കാർ ജീവനക്കാരന് (എയിഡഡ് സ്കൂൾ ഉൾപ്പെടെ) ഒരു സാമ്പത്തീക വർഷം 5 ലക്ഷം (അരിയർ ക്രഡിറ്റ് ചെയ്യുന്നതുൾപ്പെടെ) വരെ കണ്ണുമടച്ച് നിക്ഷേപിക്കാം. ഇതിന്റെ പലിശയിന്മേൽ നികുതിയുടെ കണ്ണേൽക്കില്ല.

 

5.  മൂന്നാം പോയിന്റിൽ പറയും പ്രകാരം, പരിധി വിട്ടു നടത്തുന്ന നിക്ഷേപത്തുകയുടെ  പലിശയിൻമേൽ നേരിട്ട് നികുതി ചുമത്തുകയല്ല ചെയ്യുക, മറിച്ച്, അത്തരം നികുതി വിധേയമായ പലിശയെ വരുമാനമായി (Income from other Sources) പരിഗണിക്കും, തുടർന്ന് അവന്റെ ശമ്പളവും, മേൽ സൂചിപ്പിച്ച പരിധി വിട്ട പലിശയും ഉൾപ്പെട്ട  മൊത്തം വരുമാനത്തിൽ നിന്നും, ലഭ്യമായ  ഇളവുകൾ കിഴിച്ച് കിട്ടുന്ന ടാക്സബിൾ ഇൻകത്തിന് സാധാരണ പോലെ നികുതിയുണ്ടോ എന്നു പരിഗണിക്കും എന്നു മാത്രം. ഈ രീതിയിൽ കാണുന്ന ടാക്സബിൾ ഇൻകം നികുതി പരിധിയിൽ വരുന്ന വരുമാനത്തിന് താഴെയാണെങ്കിൽ നാം നികുതിയൊന്നും അടക്കേണ്ടിവരില്ല. അഥവാ പലിശയിന്മേൽ TDS ചുമത്തിയിട്ടുണ്ടെങ്കിൽ പോലും അത് refund ആയി ലഭിക്കും !

 

 

6.  സാധാരണ സർക്കാർ ജീവനക്കാരന്റെ   EPF നിന്നും വ്യത്യസ്തമായി, പല സ്വകാര്യ സ്ഥാപനങ്ങളിലും ബാധകമായിട്ടുള്ള, (Employee ക്കു പുറമെ  Employer ഉം നിക്ഷേപം നടത്തുന്ന തരത്തിലുള്ള  EPF നെ സംബന്ധിച്ചിടത്തോളം), പലിശക്ക് നികുതിക്കണ്ണേൽക്കാത്ത നിക്ഷേപത്തുക 5 ലക്ഷത്തിനു പകരം 2.5 ലക്ഷം മാത്രമാണ്

ഒരു ഉദാഹരണ സഹിതം പുതിയ പരിഷ്കാരത്തെ വ്യക്തമാക്കാം. ലോനപ്പൻനായരുടെ 31-3-21 ലെ PF ബാലൻസ്, മുതലും പലിശയും സഹിതം  15,50,000 ആണെന്ന് കരുതുക. അദ്ദേഹം 2020-21 സാമ്പത്തീക വർഷം കുടിശിക ക്രഡിറ്റ് ചെയ്തതടക്കം 5,50,000 രൂപ വർഷം തുടക്കത്തിലേ PF നിക്ഷേപിച്ചിരിക്കുന്നു (പലിശ കാണുന്ന പ്രക്രിയ എളുപ്പമാക്കാനാണ് “തുടക്കത്തിലേ PF നിക്ഷേപിച്ചിരിക്കുന്നു” എന്ന രീതിയിൽ അപരാധം ചെയ്യുന്നത് !). പലിശ നിരക്ക് 8.5 ശതമാനമാണെന്നും ലോനപ്പൻനായർ ഒരു സർക്കാർ ജീവനക്കാരനുമാണെങ്കിൽ 2021-22 സാമ്പത്തീക വർഷം അദ്ദേഹത്തിന്റെ നികുതി പരിധിക്ക് ഉള്ളിൽ വരുന്ന പലിശയും നികുതി പരിധിക്ക് പുറത്തു വരുന്ന പലിശയും ചുവടെ സൂചിപ്പിക്കും വിധം കണക്കാക്കാം

Sl No

Particulars

Non-Taxable Amount

Taxable Amount

Total

1

Opening balance 1-4-21

15,50,000

-

15,50,000

2

Current year contribution Rs. 5,50,000

5,50,000

-

5,50,000

3

Interest on opening  balance 15,50,000 @ 8.5%

1,31,750

-

1,31,750

4

Interest on Current year contribution :

Up to 5 Lakh,  interest  Tax free

(5 lakh x 8.5%) = 42500

Above 5 lakh,  interest taxable

(50,000 x8.5%) = 4250

42,500

4,250

46,750

5

Total amount

2,27,4250

4,250

2,27,8500

 

ഇവിടെ ലോനപ്പൻനായർ 2021-22 സാമ്പത്തീക വർഷത്തിൽ നികുതി കണക്കാക്കുമ്പോൾ ശമ്പള വരുമാനത്തോടൊപ്പം, Income from other sources എന്ന ഹെഡിൽ   4250 രൂപ കൂടെ ചേർത്തായിരിക്കണം മൊത്ത വരുമാനം  കാണേണ്ടതെന്ന് എന്നുമാത്രം. അല്ലാതെ 4250 രൂപയുടെ നികുതി അടക്കാൻ നായർ നിർബന്ധിതനാണ് എന്നല്ല വിവക്ഷിക്കുന്നത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

എന്തായാലും നമ്മുടെ PF നിക്ഷേപത്തിന്റെ അടവുകളെയും പലിശയേയും രണ്ടു പന്തിയിൽ ഇരുത്തി ഗണിച്ചു നികുതി വിമുക്തമായ പലിശ, നികുതി വിധേയമായ പലിശ ഏന്നൊക്കെ കണക്കാക്കി നമുക്ക് വിളമ്പാൻ PF അക്കൌണ്ടിങ് സിസ്റ്റം ഉടച്ചുവാർക്കേണ്ടിവരുമെന്നത് പിന്നാമ്പുറം. അതെന്തൊ ആകട്ടെ, നമ്മൾ അതിൽ ഇടപ്പെടേണ്ട, പണ്ടാരോ പറഞ്ഞപോലെ പൂച്ചക്കെന്താ മീൻ നന്നാക്കുന്നേടത്ത് കാര്യം, അല്ലേ ?


Post a Comment